കൊടുത്താല്‍ കൊല്ലത്തും കിട്ടും
കൊടുത്താല്‍ കൊല്ലത്തും കിട്ടും
ഏതു സാധനവും പഴകിയാല്‍ എടുത്തു പുറത്തു കളയണം. അല്ലെങ്കില്‍ വീടിനകത്തിരുന്ന് ചീഞ്ഞുനാറും. പെരുമ്പാവൂര്‍ പുതുപ്പാടി വീട്ടിലെ റിട്ടയേര്‍ഡ് താലുക്ക് സര്‍വേയറും അതുതന്നെയേ ചെയ്‌തുള്ളു. അദ്ദേഹവും ഭാര്യയും ബാംഗ്ലൂരിലേക്ക് വിനോദയാത്രപോകുംമുമ്പ് എണ്‍പത് വയസായ രണ്ട് `സാധന'ങ്ങളെ എടുത്തു പുറത്തുവെച്ചു. എന്നിട്ട് വീടും പൂട്ടി യാത്രയായി. രണ്ടു `സാധന'ങ്ങളും മൂന്നു ദിവസം കാര്‍പോര്‍ച്ചിലിരുന്നു. അതിനിടയ്‌ക്ക് വഴിയേപോയ നാട്ടുകാര്‍ അതുകണ്ട് സംഗതി പ്രശ്‌നമാക്കി. പത്രക്കാര്‍ വന്നു, പൊലീസുകാര്‍ വന്നു.
കാരണം, റിട്ട. താലൂക്ക് സര്‍വേയര്‍ വീടിനു പുറത്താക്കിപ്പോയ `സാധന'ങ്ങള്‍ അയാളുടെ അച്ഛനും അമ്മയുമാകുന്നു. മൂന്നു ദിവസമായി അവര്‍ കാര്‍പോര്‍ച്ചില്‍ കഴിഞ്ഞുകൂടുന്നതു കണ്ട നല്ലവരായ നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
കാല്‍ വളരുന്നോ, കൈവളരുന്നോ എന്നു നോക്കി, അമ്മിഞ്ഞപ്പാലൂട്ടി, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ മക്കളുടെ നന്മയ്‌ക്കും വളര്‍ച്ചയ്‌ക്കുംവേണ്ടി ചെലവഴിച്ച 80 വയസുകാരായ അച്ഛനെയും അമ്മയെയുമാണ് മകനെന്ന മഹാപാപി വീട്ടുവരാന്തയിലുപേക്ഷിച്ച് കടന്നു കളഞ്ഞത്. ആ പാവപ്പെട്ട അച്ഛനുമമ്മയും രാത്രിമഴയിലും തണുപ്പിലും ഉച്ചച്ചൂടിലുമെല്ലാം നിരാലംബരായി അന്യോന്യം ഊന്നുവടികളായി മൂന്നുദിവസം വീട്ടുവരാന്തയിലും കാര്‍പോര്‍ച്ചിലുമായി ചെലവഴിച്ചു. കേരളത്തിലെ ജനസമൂഹത്തില്‍ ഇത്രയേറെ അപമാനമുണ്ടാക്കിയ ഒരു സംഭവവും അടുത്തിടെ പത്രങ്ങളില്‍ വായിച്ചിട്ടില്ല. വീടിന്റെ ഗെയിറ്റില്‍ മുറുകെപ്പിടിച്ച് ദൈന്യം നിറഞ്ഞ കണ്ണുകളോടെ റോഡിലേക്കു നോക്കി നില്‍ക്കുന്ന ആ വൃദ്ധദമ്പതികളുടെ ചിത്രം കേരള സമൂഹത്തെനോക്കി കൊഞ്ഞനം കുത്തുന്നു.
പെരുമ്പാവൂരില്‍ തുണിക്കച്ചവടം ചെയ്‌ത് കുടുംബം പുലര്‍ത്തിയ ശിവശങ്കരന്‍, താന്‍ അധ്വാനിച്ചു സമ്പാദിച്ച ഏഴരസെന്റ് സ്ഥലവും വീടും മൂത്തമകനായ താലൂക്ക് സര്‍വേയര്‍ക്ക് എഴുതിക്കൊടുത്തിരുന്നു. അച്ഛനമ്മമാരെ സംരക്ഷിച്ചുകൊള്ളാമെന്ന് ആ നരാധമന്‍ ഉറപ്പും കൊടുത്തിരുന്നു. പക്ഷേ വീടുംസ്ഥലവും കൈയിലാക്കിക്കഴിഞ്ഞപ്പോള്‍ അയാള്‍ അച്ഛനെയും അമ്മയെയും പുറത്തിറക്കി വിട്ട് വീടു പൂട്ടി. മാതാപിതാക്കളെ മറ്റു മക്കള്‍ നോക്കണമെന്നായി അയാളുടെ ആവശ്യം.
എല്ലാവരും കൈയൊഴിഞ്ഞപ്പോള്‍ വൃദ്ധദമ്പതികള്‍ കേരളസമൂഹത്തിന്റെ ഉമ്മറത്തിണ്ണയില്‍ ചോദ്യചിഹ്നംപോലെ മൂന്നു ദിവസം കഴിച്ചുകൂട്ടി. ഇനിയും നന്മനഷ്ടപ്പെട്ടിട്ടില്ലാത്ത ചിലര്‍ പൊലീസിനെ അറിയിച്ചു. അവര്‍ സന്ധി സംഭാഷണം നടത്തി. വൃദ്ധ ദമ്പതികള്‍ക്കു മുന്നില്‍ പുതുപ്പാടി വീടിന്റെ വാതില്‍ വീണ്ടും തുറന്നു.
ഇതുകൊണ്ട് പ്രശ്‌നം തീരുമോ? നാട്ടുകാരുടെ മുന്നില്‍ തങ്ങളുടെ `വിലയിടിച്ച' അച്ഛനെയും അമ്മയെയും സര്‍വേയര്‍ മോനും ഭാര്യയും വെറുതെവിടുമോ? അവരെ കൊല്ലാക്കൊല ചെയ്യാതെ മോനും കുടുംബവും അടങ്ങുമോ? 80 വയസുള്ള വൃദ്ധനെയും വൃദ്ധയെയും വീടിനുപുറത്തിറക്കി വിട്ടവര്‍ അവരെ വിഷം കൊടുത്തു കൊല്ലാന്‍ മടിക്കുമോ?
പക്ഷേ ഒരു കാര്യം ഉറപ്പാണ്. മകന്‍ നല്‍കുന്ന വിഷം, വിഷമാണെന്നറിഞ്ഞുകൊണ്ട് തന്നെ കഴിക്കേണ്ടി വന്നാല്‍പോലും ആ അച്ഛനും അമ്മയും മക്കളെ ശപിക്കില്ല. ഇക്കഴിഞ്ഞ മൂന്നു ദിവസം വരാന്തയില്‍ കഴിയുമ്പോഴും ആ മാതൃ-പിതൃ ഹൃദയങ്ങള്‍ മക്കളുടെ നന്മയ്‌ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക.
ശാന്തം, പാപം!
കായംകുളത്തിനടുത്ത് കരീലക്കുളങ്ങരയില്‍ മറ്റൊരു വൃദ്ധ ദമ്പതികളെയും മക്കള്‍ ഉപേക്ഷിച്ചു. മാതാപിതാക്കള്‍ക്ക് `സുഖമായി' കിടന്നുറങ്ങാന്‍ കട്ടിലുള്‍പ്പെടെയാണ് മക്കള്‍ ദേശീയ പാതയോരത്ത് ഇറക്കിവെച്ചത്. 80 വയസു പിന്നിട്ട കരീലക്കുളങ്ങര കിഴക്കതില്‍ ജോര്‍ജിനെയും ഭാര്യയെയും `കട്ടിലോടെ' ലോറിയില്‍കൊണ്ടു വന്ന് റോഡരികില്‍ ഉപേക്ഷിച്ച് ആരോ കടന്നു കളയുകയായിരുന്നു. 4 മക്കളുണ്ട്, ഈ ഭാഗ്യഹീനര്‍ക്ക്. തൃശൂരിലെ ആണ്‍മക്കളുടെ കൂടെ താമസിക്കുകയായിരുന്ന ദമ്പതികളുടെ ബന്ധുക്കളെല്ലാം കരീളക്കുളങ്ങരയിലാണ്. അതാവാം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കാന്‍ കാരണമെന്ന് പോലീസ്‌കരുതുന്നു. ഏറെ നേരമായി ആഹാരംപോലും കഴിക്കാതെ അവശരായ വൃദ്ധദമ്പതികളെ നല്ലവരായ നാട്ടുകാര്‍ സംരക്ഷിച്ചു വരികയാണ്.
നമ്മുടെ മക്കള്‍ക്ക് എന്തു പറ്റി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാപിതാഗുരു ദൈവം എന്ന പഴയ ചൊല്ലിലെ `ഗുരു'വിനോടുള്ള സ്‌നേഹബഹുമാനങ്ങള്‍ പണ്ടേ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ മാതാപിതാക്കളും ശത്രുക്കളായി മാറി.
ജനിച്ചു വീണതു മുതല്‍ സര്‍വേയറായി മാറുന്നതുവരെയുള്ള വര്‍ഷങ്ങളിലേക്ക് ശിവശങ്കരന്റെ മകനൊന്ന് തിരിഞ്ഞുനോക്കണം. അച്ഛനുമമ്മയ്‌ക്കും വാരിക്കോരിത്തന്ന സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും നേര്‍ക്ക് ഇത്രകൂരമായി വാതില്‍ കൊട്ടിയടയ്‌ക്കരുത്. 80 കഴിഞ്ഞവര്‍ക്ക് ചിലപ്പോള്‍ ജീവിതാന്ത്യത്തില്‍ ചില വാശികളും ചാപല്യങ്ങളും ഉണ്ടായെന്നുവരാം. പക്ഷേ അതിനെക്കാളെത്രയോ ചപലമായിരുന്നു സര്‍വേയറെ, അങ്ങയുടെ ജീവിതത്തിലെ ആദ്യത്തെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍! അന്നെല്ലാം നിങ്ങളോടൊപ്പം ക്ഷമയോടെ കൂടെ നടന്നത് അച്ഛനും അമ്മയും മാത്രമല്ലേ?
പ്രിയപ്പെട്ട ശിവശങ്കരനും ജോര്‍ജ്ജും അടങ്ങുന്ന മാതാപിതാക്കളുടെ കണ്ണീര്‍ കേരള സമൂഹത്തിനുമേല്‍ ശാപമായി പതിക്കരുത്. ഗുരുത്വമില്ലാത്ത സമൂഹം നശിച്ചു മണ്ണടിയുകയേ ഉള്ളു. വന്നവഴികള്‍ ആരും മറക്കരുത്.
പക്ഷേ ഒന്നുണ്ട്. ശിവശങ്കരന്റെയും ജോര്‍ജിന്റെയും മക്കള്‍ ഇതുപോലെ തണുത്തുവിറച്ച്, പൂട്ടിയ വാതിലിനുമുന്നില്‍ നിസഹായരായി കുത്തിയിരിക്കുന്ന കാലം വരും. വന്നേ പറ്റൂ. അതാണ് വിധിയുടെ കാവ്യനീതി.
കൊടുത്താല്‍ കൊല്ലത്തും കിട്ടും....