ജയറാമിന്റെ വീടിനുനേരെ അക്രമം: സീമാനെതിരെ കേസ്!!
പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ചെന്നൈ: നടന്‍ ജയറാമിന്റെ വീട് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകനും 'നാം തമിഴര്‍ ഇയക്കം' എന്ന സംഘടനയുടെ സ്ഥാപകനുമായ സീമാന് എതിരെയും പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവവുമായി ബന്ധപ്പെട്ട് സീമാന്റെ സഹോദരന്‍ ജയിംസ് ഉള്‍പ്പെടെ 15 പേരെ ഇതിനകം പോലീസ്അറസ്റ്റുചെയ്തിട്ടുണ്ട്. ജയറാമിന്റെ വീടിന് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ വത്സരവാക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ മുരുകേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജാറാം എന്നിവരെ സ്ഥലം മാറ്റി. ഇവര്‍ക്ക് പകരം ചുമതല നല്‍കിയിട്ടില്ല.
സീമാന്‍ അക്രമസംഭവത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ടി നഗര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ. പെരിയയ്യ പറഞ്ഞു. അറസ്റ്റിലായ 12 പേരും നാം തമിഴര്‍ ഇയക്കം പ്രവര്‍ത്തകരാണ്. ജയറാമിന്റെ വീടിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പെരിയയ്യ പറഞ്ഞു. ഇതിനിടെ തായ്‌ലന്‍ഡിലുള്ള സീമാന്‍ തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കുമെന്ന് സൂചനയുണ്ട്.
ജയറാമിന്റെ വീടിനുനേരെ അക്രമം ഉണ്ടായേക്കാമെന്ന് വെള്ളിയാഴ്ച രാവിലെ തന്നെ സിറ്റി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജാറാമിന്റെ നേതൃത്വത്തില്‍ അഞ്ച് പോലീസുകാരെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ. രാജാറാമിനെയും മറ്റുള്ളവരെയും തള്ളിമാറ്റിയാണ് അക്രമികള്‍ അകത്ത് കയറി അക്രമം നടത്തിയത്.