ലിഫ്റ്റ് ടെക്നോളജി പഠിച്ചാ ഇതല്ല ഇതിലും വലുത് നേടാം!
പ്രിയപ്പെട്ട അപ്പാ,
എനിക്കിവിടെ അത്ര വല്യ സുഖമൊന്നുമല്ല . വന്ന അന്ന് മുതല്‍ പണിക്കു നിന്നതാ. ഒരു ഒഴിവും കിട്ടണില്ല. ഈ കുപ്പീന്ന് വന്ന ഭൂതം പോലെ പണി തന്നെ പണി. ഇപ്പൊ ദുബായീലാണെങ്കില്‍ ഒടുക്കത്തെ ചൂടും..ആ ഇന്‍സ്റ്റിട്യൂട്ട് കാര് പരസ്യം ചെയ്യണ പോലെയൊന്നുമല്ല കാര്യങ്ങള്‍. അവര്‍ പറഞ്ഞ ശമ്പളം മൂന്നു മാസം കൂടുമ്പോള്‍ കിട്ടുന്ന തുകയാണ്. അല്ലാതെ മാസാമാസം കിട്ടുന്നതല്ല. ഈ ശമ്പളത്തിന് ഒരു നാല് കൊല്ലം നിന്നാല്‍ കടങ്ങള്‍ തീര്‍ന്നെങ്കിലായി. വീടിന്റെ ആധാരം എന്ന് പണയത്തില്‍ നിന്നും എടുക്കാന്‍ പറ്റുമോ എന്തോ. ഇവിടെ ഭക്ഷണത്തിന്റെ കാര്യാ കഷ്ടം! മൂന്നു നേരവും ഒരു മാതിരി റവറിന്റെ ഏതോ ഷീറ്റാണ് തിന്നാന്‍ കിട്ടുന്നത്. അതിനെന്തോ "കുബ്ബൂസ്" എന്നാണത്രേ പറയുന്നത്.ഇത് കണ്ടാ വീട്ടിലെ പശു പോലും സഹിക്കില്ല അപ്പാ.
പിന്നെ പണിയുടെ കാര്യം പറയാണ്ടിരിക്യാ നല്ലത്. റൂമില്‍ പത്തിരുപതു പേരുണ്ട്. കണ്ണൂര്‍ എക്സ്പ്രസിന്റെ ബെര്‍ത്ത് പോലെ മൂന്നു നിലയുള്ള കട്ടിലിലാണ് കിടത്തം. റൂമിലുള്ള ഇരുപതില്‍ പത്തു പേരും എന്നെപ്പോലെ ലിഫ്റ്റ് ടെക്നോളജി പഠിച്ചതാ. ബാക്കി പത്തു പേര്‍ ഏതോ സേഫ്റ്റി ടെക്നോളജി പഠിച്ചവരും. എല്ലാവര്‍ക്കും ഒരേ കമ്പനിയില്‍ തന്നെയാണ് പണി. ഞങ്ങള്‍ ലിഫ്റ്റ് ടെക്നോളജി പഠിച്ചവര്‍ക്ക് കമ്പനിയുടെ ഉള്ളിലാണ് പണിയെങ്കില്‍ ഈ സേഫ്റ്റി ടെക്നോളജിക്കാര്‍ക്ക് പുറത്തെ വെയിലത്താണ് പണി. ഇവിടെ ഇപ്പൊ ഒരു ഒന്നൊന്നര വെയിലും ചൂടുമാണ്. ഈ നരകത്തിലെ കോഴി തീയില്‍ കിടന്ന് തിരിയുന്ന പോലെ ഒരു അവസ്ഥയാണ് എന്റെ അപ്പാ.
ഞങ്ങളുടെ മാനേജര്‍ തടിച്ചു കൊഴുത്ത ഒരു പാകിസ്ഥാനിയാണ്. നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം. ആ മനുഷ്യന്റെ ആട്ടും തുപ്പും സഹിക്കുകേലാ അപ്പാ. അത് കൊണ്ട് തല്‍ക്കാലം നമ്മുടെ വീടിന്റെ കടമെന്കിലും തീരുന്നതുവരെ ഞാനിവിടെ പിടിച്ചു നില്‍ക്കാം. പിന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ വാങ്ങിയ സ്യൂട്ടും ടൈകളും കല്യാണം കഴിക്കാന്‍ പോകുന്ന അടുത്ത റൂമിലെ ഒരു സുഹൃത്തിന് കൊടുത്തു. അത് തല്‍ക്കാലമൊന്നും എനിക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നാണു മനസ്സിലായത്. ജോര്‍ജ്ജേട്ടന്റെ മകന്‍ ലൂയി എന്റെ കമ്പനിയില്‍ തന്നെയാണ് പണിയെടുക്കുന്നത്. അവന്‍ സേഫ്റ്റി ടെക്നോളജി ആയതു കൊണ്ട് ഇവിടെ വരുന്ന വാഹനങ്ങളുടെ കണക്കെടുപ്പും അതിലെ ടയറില്‍ കാറ്റുണ്ടോ, സേഫ്റ്റി ബെല്റ്റ് ഉണ്ടോ?, ലയിറ്റുകളൊക്കെ കത്തുന്നുണ്ടോ ഇത്യാദി കാര്യങ്ങള്‍ നോക്കലാണ് സേഫ്റ്റി ഓഫീസറായ അവന്റെ പണി. അവന്‍ വന്നത് ഈ പണിക്കല്ല എന്നും, ഇങ്ങനെ വെയിലുകൊണ്ട് ചെയ്യാവുന്ന ടെക്നൊളജിയല്ല അവന്‍ പഠിച്ചതെന്നും പറഞ്ഞതിന് അവനെ രണ്ടു ദിവസം ആ പാകിസ്ഥാനി വണ്ടികളുടെ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ നിര്‍ത്തി. ഈ കമ്പനിയിലെ സേഫ്റ്റി ഓഫീസറുടെ പണി ഇതാണത്രേ. അത് ഈ കമ്പനി ഉള്ളിടത്തോളം കാലം ഈ പണിയും ഉണ്ടാകും എന്നാ കമ്പനിക്കാര് പറയുന്നത്.ഇത് തന്നെയാണത്രേ അവന്‍ പഠിച്ച ഇന്‍സ്റ്റിട്യൂട്ട് കാരും പരസ്യം ചെയ്തതെന്നും അവന്‍ പറഞ്ഞത്. ആ പരസ്യത്തില്‍ വിശ്വസിച്ച അവന്റെ കാശും ഭാവിയും പോയി. രക്ഷപ്പെട്ടത് ആ ഇന്‍സ്റ്റിട്യൂട്ടുകാരാ. പാവം ലൂയി അവനു ഒരു സേഫ്ടിയും ഇല്ലാണ്ടായി.
എന്തായാലും അപ്പന്‍ എന്നെ എക്സ്റേ വെല്‍ഡിംഗ് പഠിക്കാന്‍ വിടാഞ്ഞത് ഭാഗ്യമായി . എക്സ്റേ വെല്‍ഡിംഗ് പഠിച്ച സുരേഷും റോയിയും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വാര്‍പ്പിന് കെട്ടുകമ്പി "എക്സ്" ആകൃതിയില്‍ കെട്ടിക്കൊണ്ടിരിക്കുവാ. ഈ കമ്പനിയില്‍ "എക്സ്റേ വെല്‍ഡിംഗ്" കൊണ്ട് ഇതാത്രേ ഉദ്ദേശിച്ചത്. വല്ല ഹോട്ടല്‍ മാനെജുമേന്റും പഠിച്ചാ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നുകയാ. അതാകുമ്പോള്‍ വല്ല പാത്രവും കഴുകാന്‍ നിന്നാലും സമയത്തിനു ഭക്ഷണം കിട്ടിയേനെ! ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പഠിച്ചത് 'ലിഫ്റ്റ് ടെക്നോളജി' ആയതു കൊണ്ട് കമ്പനിയിലേക്ക് വരുന്ന വണ്ടികളില്‍ സാധനങ്ങള്‍ ലിഫ്റ്റ് ചെയ്തു കയറ്റിവെക്കുകയും ലിഫ്റ്റ് ചെയ്തു ഇറക്കുകയുമാണ് അപ്പാ എന്റെ പണി. ഈ കമ്പനിയില്‍ ഇതാണപ്പാ "ലിഫ്റ്റ് ടെക്നോളജി"! എന്തായാലും ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍ എല്ലാം നടക്കും എന്ന് എനിക്ക് മനസ്സിലായി എന്റെ അപ്പാ!
ഈ കത്ത് കിട്ടിയാല്‍ മറുപടിയൊന്നും അയക്കണ്ട. ഏത് സമയവും ഈ പണിയും പോകുമെന്നാ കേള്‍ക്കുന്നത്. നാട്ടില്‍ ഒരു യൂണിയന്‍ പണി കിട്ടാനുണ്ടോ എന്ന് അപ്പന്‍ അന്വേഷിക്കുമല്ലോ. "ലിഫ്റ്റ് ടെക്നോളജി" പഠിച്ചത് കാരണം യൂണിയന്‍ പണി ചെയ്താണെങ്കിലും ഞാന്‍ രക്ഷപ്പെടും അപ്പാ.
സസ്നേഹം,
അപ്പന്റെ അന്തപ്പന്‍.