നിത്യാമേനോന് വിലക്ക്
നിത്യാമേനോന് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മ്മാതാക്കളുടെ സംഘടനയുടെ നടപടിയില്‍ പരക്കെ എതിര്‍പ്പ്. നടിയെ വിലക്കിയ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തില്‍ സിനിമാ ലോകത്ത് ഭിന്നാഭിപ്രായമാണ്. ചിലരുടെ ഈഗോയാണ് ഇതിനു പിന്നിലെന്നാണ് അമ്മയിലെ ഒരംഗം പറഞ്ഞത്.
ഷൂട്ടിങ്ങിനിടെ മുന്‍കൂട്ടി അറിയിക്കാതെ തന്നോട് കഥപറയാന്‍ എത്തിയവരെ കാണാന്‍ നിത്യ വിസമ്മതിച്ചു എന്നതിന്റെ പേരില്‍ ഇത്തരമൊരു പ്രതികാര നടപടിയുടെ യാതൊരു ആവശ്യവും ഇല്ലെന്നാണു ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. ഷൂട്ടിംഗ് തിരക്കിനിടെ കാണാന്‍ വന്ന ആന്റോ ജോസഫിനോടും കൂട്ടരോടും തന്റെ മാനേജരോട് സംസാരിക്കാന്‍ നടി പറഞ്ഞതില്‍ എവിടെയാണ് അപമാനിക്കല്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
തന്നെ വിലക്കിയ കാര്യം നിത്യ 'അമ്മ'യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അമ്മ, നിര്‍മാതാക്കളുടെ സംഘടനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. വിലക്കിനെതിരെ നിത്യ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
"എന്നെ വിലക്കാനുള്ള തീരുമാനം ചിലരുടെ ഈഗോയുടെ ഭാഗമാണ്. ഭീഷണിപ്പെടുത്തി എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ആരോടും ഞാന്‍ മോശമായിട്ട് പെരുമാറിയിട്ടില്ല. സിനിമയോട് താല്‍പ്പര്യമോ സ്നേഹമോ ഉള്ളവരല്ല എന്നെ വിലക്കാന്‍ നടക്കുന്നത്. തീര്‍ത്തും അപക്വമായ തീരുമാനമാണിത്. ഇതിനെ നീതീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ക്കെതിരെ ഞാന്‍ പോരാടുക തന്നെ ചെയ്യും. എന്നെ അഭിനേത്രിയായി അംഗീകരിക്കുന്ന നിര്‍മ്മാതാക്കള്‍ എന്നെ വിളിച്ചാല്‍ മതി. ചിലര്‍ക്കുവേണ്ടി എന്റെ സ്വഭാവം മാറ്റാനാകില്ല. ചട്ടക്കാരി എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ പ്രതികാര നടപടിയാണോ ഈ തീരുമാനമെന്ന് സംശയമുണ്ട്' - നിത്യാ മേനോന്‍ പറഞ്ഞു.
പ്രമുഖ നിര്‍മ്മാതാവ് ആന്റോജോസഫ് നിത്യയോട് പുതിയ ചിത്രത്തിന്റെ കഥ പറയാന്‍ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തി. അപ്പോള്‍ ഉച്ചഭക്ഷണത്തിനുള്ള ബ്രേക്കില്‍ ആയിരുന്ന നിത്യ ഇവരെ കാണാന്‍ കൂട്ടാക്കാതെ മാനേജരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഇത്തരത്തില്‍ നിര്‍മാതാവിനെ നിത്യ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് വിലക്ക്. ഇതിന്റെ അടുത്ത ദിവസം തന്നെ (ചൊവ്വാഴ്ച) പൊടുന്നനെ നിത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി ജി സുരേഷ്‌കുമാര്‍ ഇക്കാര്യം എല്ലാ നിര്‍മ്മാതാക്കളേയും ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇതേ സുരേഷ് കുമാര്‍ ആണ് അടുത്തിടെ ചട്ടക്കാരിയുടെ റീമേക്കില്‍ അഭിനയിക്കാന്‍ നിത്യയെ സമീപിച്ചത്. എന്നാല്‍ നിത്യ ഈ ഓഫര്‍ ഒഴിവാക്കുകയായിരുന്നു. സുരേഷ് കുമാര്‍ ചട്ടക്കാരിയെന്ന ചിത്രത്തിന്റെ റീമേക്കിനുവേണ്ടി തന്നെ സമീപിച്ചിരുന്നെന്നും തനിക്ക് ആ വേഷം ചെയ്യാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ പറ്റില്ല എന്നു തീര്‍ത്തുപറഞ്ഞെന്നും നിത്യ വ്യക്തമാക്കുന്നു. ഇഷ്ടമെല്ലാത്ത വേഷങ്ങള്‍ ചെയ്യാന്‍ ആര് ആവശ്യപ്പെട്ടാലും താന്‍ ചെയ്യാറില്ല എന്നും നടി പറഞ്ഞു. ഏതായാലും ഈ സംഭവവും നടിയെ വിലക്കാനുള്ള തീരുമാനത്തിന് ആക്കം കൂട്ടിയെന്നാണ് സൂചന.