ശിഹാബ് തങ്ങള്‍ വിടവാങ്ങി
മലപ്പുറം: മുസ്‌ലിങ്ങളുടെ ആത്മീയ നേതാവും മലയാളിയെ മതസൗഹാര്‍ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പച്ചപ്പുകളിലൂടെ വഴിനടത്തിയ വ്യക്തിയുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായി. മൂന്ന് പതിറ്റാണ്ടായി മുസ്‌ലിംലീഗിന്റെ അമരക്കാരനായ ശിഹാബ് തങ്ങള്‍ക്ക് 73 വയസ്സായിരുന്നു.
മലപ്പുറത്തെ സ്വകാര്യ ആസ്‌പത്രിയില്‍ ശനിയാഴ്‌ച രാത്രി 8.45നായിരുന്നു അന്ത്യം. മൃതദേഹം രാത്രി 9.30ഓടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ആയിരങ്ങളാണ് രാത്രി പാണക്കാട്ടേക്കൊഴുകിയത്.
തങ്ങളുടെ വിയോഗത്തോടെ ഏതു പ്രതിസന്ധിയിലും മലയാളിക്ക് താങ്ങും തണലുമായിരുന്ന സ്‌നേഹസാന്നിധ്യമാണ് നഷ്ടമായത്. ശനിയാഴ്‌ച പുലര്‍ച്ചെ പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടിലെ കുളിമുറിയില്‍ തങ്ങള്‍ തെന്നിവീണിരുന്നു. വീഴ്‌ചയില്‍ ചുണ്ടില്‍ ചെറിയ മുറിവൊഴികെ ഗുരുതരമായി ഒന്നും പറ്റിയിരുന്നില്ല. എന്നാല്‍ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആസ്‌പത്രിയില്‍ നിരീക്ഷണാര്‍ഥം പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്‌ച രാത്രി എട്ടരമണിവരെ പ്രയാസമൊന്നും അനുഭവപ്പെട്ടിരുന്നില്ല. എട്ടരമണിക്കുശേഷം വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ ഉടന്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഉടന്‍ മരണം സംഭവിക്കുകയും ചെയ്‌തു. ഖബറടക്കം ഞായറാഴ്‌ച മൂന്നിന് നടക്കും.