പ്രവാസചിന്തകള്‍
അന്നും മൂട്ടകളുടെ സംസാരം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്...കിടക്കുമ്പോഴേ ഞാന്‍ പറഞ്ഞതാണ്, ദയവുചെയ്‌ത് എന്നെ ശല്യപ്പെടുത്തരുത്...ഞാനൊരു പാവമാണ് എന്നൊക്കെ...എവിടെ ഇവരുണ്ടോ എന്നെ വെറുതെ വിടുന്നു...ഒരു കണക്കിന് അവരെ പറഞ്ഞിട്ടും കാര്യമില്ല, അവര്‍ക്കും ജീവിക്കണ്ടേ...സമ്മതിച്ചു, ജീവിക്കണം..പക്ഷേ എനിക്കും ജീവിക്കണ്ടേ...എനിക്കാരുടെയും ചോര കുടിക്കാന്‍ കഴിയില്ലല്ലോ...ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോല്‍ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു...കുറച്ചു സ്ഥലം വാങ്ങണം അതില്‍ നിറയെ മുറികളുള്ള ഒരു രണ്ടു നില വീട് വേണം. അത് വളരെ ചെറുതായിരിക്കണം എന്ന കാര്യം അവള്‍ക്ക് വളരെ നിര്‍ബന്ധമാണ്. നിറയെ മുറികളുള്ള, രണ്ടു നിലകളിലുള്ള വളരെ ചെറിയ വീട്. ഹൊ ഓര്‍ത്തപ്പോള്‍ മനസ്സില്‍ കുളിര് കോരി..കുട്ടികള്‍ വളര്‍ന്നു വരുന്ന കാര്യവും സൂചിപ്പിച്ചു. അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും കരുതിവെക്കണം. വളരെ ശരിയാണ്. കാരണം ഇനിയുള്ള നമ്മുടെ ജീവിതം അവര്‍ക്ക് വേണ്ടിയാണല്ലോ..
അതിനിടക്കെപ്പോഴോ അവള്‍ ചോദിച്ചിരുന്നു, അവിടെ തണുപ്പാണോ എന്ന്, ഞാന്‍ പതിയെ ഒന്നു മൂളി..ആ മൂളലില്‍ അടങ്ങിയ തണുപ്പിന്റെ കാഠിന്യം എത്രത്തോളം വലുതാണെന്ന് അവള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ലല്ലോ...ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്, ആദ്യമായ് ഇങ്ങോട്ടെക്കുള്ള വണ്ടിയില്‍ ആകാശത്തിലൂടെ പറക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു..വളരെ കുറച്ചു സമയം മാത്രം ഈ മണലാരണ്യത്തില്‍ കഴിഞ്ഞു കുറച്ചു കാശുണ്ടാക്കി നാട്ടിലേക്ക്, ഇനി ഒരിക്കലും തിരിച്ചു വരാത്ത മടക്ക യാത്ര നടത്തണമെന്ന്. ഇപ്പോള്‍ മൊത്തം പതിനഞ്ജ് വര്‍ഷം കഴിഞ്ഞെന്ന് കഴിഞ്ഞ വട്ടം നാട്ടില്‍ പോയപ്പോള്‍ ഉമ്മ പറഞ്ഞിരുന്നു..നീണ്ട പതിനഞ്ജ് വര്‍ഷങ്ങള്‍, എപ്പോഴാണാവോ ഇതിനൊരു ഒടുക്കം ഉണ്ടാകുക, ഇനിയൊരു പതിനഞ്ജ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ പറ്റുമായിരിക്കും..അത്രയും കാലം കൂടി ഇവിടെ കഴിയുന്നതിലും ഭേദം നാട്ടില്‍ പോയി പട്ടിണി കിടന്നു മരിക്കുന്നതാണെന്ന് സഹമുറിയന്‍ എപ്പോഴോ ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു..ഒന്നോര്‍ത്താല്‍ ഇതൊക്കെ തന്നെയല്ലെ ജീവിതം..ജനനം മുതല്‍ മരണം വരെ ഉള്ള ഒരു യാത്ര..അത് നാട്ടിലായാലെന്ത്, ഇങ്ങിവിടെ ഈ തണുത്തു വിറങ്ങിലിച്ച മുറിയിലായാലെന്ത്..!
തലമുടി ആകെ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു..ബാക്കിയുള്ളവയില്‍ നരയും കയറി തുടങ്ങി..അടുത്ത വട്ടം നാട്ടില്‍ വരുമ്പോള്‍ മുടി വെച്ചു പിടിപ്പിക്കാന്‍ ശ്രമിച്ചു നോക്കെന്ന് കൂട്ടുകാര്‍ കളിയായ് പറഞ്ഞിരുന്നു..എന്തിന്..?പടച്ചവന്‍ ഇതൊക്കെയായിരിക്കും എനിക്ക് വിധിച്ചത്..? ഇനി അത് വെച്ചു പിടിപ്പിച്ചിട്ട് നമ്മളായിട്ട് അവനെ വെല്ലുവിളിക്കണോ..അല്ല പിന്നെ.. ഇളയമകള്‍ ഷൂ കൊടുത്തയക്കാന്‍ പറഞ്ഞിട്ടുണ്ട് വെറും ഷൂ അല്ല, നടക്കുമ്പോള്‍ കരയുന്നതും, ലൈറ്റ് കത്തുന്നതും തന്നെ വേണം..ഒടുക്കം നാട്ടില്‍ ചെല്ലുമ്പോള്‍ എന്നെ എറിയാനോ മറ്റോ ആണെന്ന് കണ്ടറിയണം..നേരം എത്രയായി ആവോ വെറുതെ എന്തൊക്കെയോ ചിന്തിച്ചു ഉള്ള സമയം കളഞ്ഞു.. ഇന്നിനി ഉറക്കം കിട്ടുമെന്ന് തോന്നുന്നില്ല.
ആറുമാസം കൂടി കഴിഞ്ഞിട്ട് വേണം നാട്ടിലൊന്നു പോകാന്‍..ഇപ്രാവശ്യമെങ്കിലും കുറച്ചു അധികകാലം നാട്ടില്‍ നില്‍ക്കണം..വന്ന് വന്ന് ഇപ്പോള്‍ നാട്ടിലെ കാലാവസ്ഥ ശരീരത്തിന് പിടിക്കാതായിരിക്കുന്നു..എന്ത് ചെയ്യാം അവിടെ ഈ പൊടിക്കാറ്റും, പെട്രോളിന്റെ ചുവയുള്ള വെള്ളവുമില്ലല്ലോ..അത് കൊണ്ടായിരിക്കാം...പത്രങ്ങളില്‍ നാട്ടിലെ വിശേഷങ്ങള്‍ വായിക്കാനെ തോന്നുന്നില്ല..അവിടെ ആകെ ജഗപൊകയാണ്..ബോംബുകള്‍ തുരുതുരാ പൊട്ടുന്നു..വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ കോടിക്കണക്കിനു വരുന്ന ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മനുഷ്യ ജീവികളെ വെടിവെച്ചു തവിടുപൊടിയാക്കുന്നു, അത് ഒരു റിയാലിറ്റി ഷൊവാക്കി മാറ്റാന്‍ ചാനലുകള്‍ തമ്മില്‍ കടിപിടി കൂടുന്നു...അങ്ങിനെ അങ്ങിനെ...വീടുകളിലെ സ്‌ത്രീകള്‍ ഇപ്പൊള്‍ മീന്‍ മുറിക്കാന്‍ അരിവാളിന് പകരം കണവന്‍ കൊണ്ടുവെച്ച വടിവാളുകള്‍ ആണെടുക്കുന്നതെന്ന് ഇന്നലെ ആരോ തമാശയായി പറയുന്നതു കേട്ടിരുന്നു. പക്ഷേ ആ തമാശയിലും ഒരു കറുത്ത സത്യം ഒളിഞ്ഞിരിക്കുന്നില്ലേ എന്ന ഒരു ചെറിയ സംശയം ഇല്ലാതല്ല...
എന്റെ കുട്ടിക്കാലത്തൊക്കെ പറമ്പുകളില്‍ ഉലാത്തുമ്പോള്‍ മണ്ടരിപിടിച്ച കരിക്കുകള്‍ ഒരുപാടൂകാണും ..അതില്‍ നിന്നും നല്ല മൈലേജ് ഉള്ളവ തെരെഞ്ഞെടുത്ത് വണ്ടികള്‍ ഉണ്ടാക്കി നാടുനീളെ റോമിങ്ങ് നടത്തുമായിരുന്നു പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യമുള്ളവര്‍ ആണെന്ന് തോന്നുന്നു..കാരണം കരിക്കുകള്‍ക്ക് പകരം ബോംബുകളല്ലേ അവര്‍ക്ക് പറമ്പുകളില്‍ നിന്നും കിട്ടുന്നത്..അത് കൊണ്ടു അവര്‍ വണ്ടിയുണ്ടാക്കി നാടുനീളെ ഉരുട്ടി നടക്കുമെന്നൊന്നും പേടിക്കേണ്ട...കാരണം നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ പഠിത്തം കഴിഞ്ഞൊന്ന് പറമ്പിലേക്ക് ഇറങ്ങാന്‍ നേരമുണ്ടായിട്ടു വേണ്ടേ...അതെ നേരമില്ല ആര്‍ക്കും ഒന്നിനും നേരമില്ല..എല്ലാവരും തിരക്കിലാണ്.
ഒടുവിലെല്ലാം കഴിഞ്ഞു മണ്ണിനടിയില്‍ കിറ്റക്കുമ്പോള്‍ ചിലപ്പോള്‍ ഓര്‍ക്കുമായിരിക്കും, ഹൊ..ഇവിടെക്കായിരുന്നോ ഞാനീ തിടുക്കപ്പെട്ടു ലാറ്റിയതെന്ന്...ഇതൊക്കെ എല്ലാവര്‍ക്കും നല്ലോണം അറിയാവുന്ന കാര്യങ്ങള്‍ തന്നെയല്ലെ.. എന്ന് വെച്ചു നമ്മുടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാതിരിക്കുന്നതെങ്ങിനെ...ഹൊ, നേരമൊന്നു വെളുത്തു കിട്ടിയിരുന്നെങ്കില്‍ പത്രം നോക്കാമായിരുന്നു, പാകിസ്ഥാനുമായുള്ള യുദ്ധം തുറ്റങ്ങിയോ ആവോ...! യുദ്ധം തുടങ്ങിയിട്ട് വേണം കൂടെയുള്ള പാകിസ്ഥാനികള്‍ക്കിട്ടു രണ്ടു കൊടുക്കാന്‍...ഇന്ത്യക്കരോടാണോ അവന്മാരുടെ കളി.......ജാലകത്തിന് പുറത്തു ഗള്‍ഫ് സൂര്യന്റെ ചെറിയ പ്രകാശം കടന്നു വരുന്നുണ്ട്..എഴുന്നേല്‍ക്കാനുള്ള സമയമായി..ഇനിയും ഒരോന്ന് ആലോചിച്ചു സമയം കളഞ്ഞാല്‍ ഉള്ള പണി പോയിക്കിട്ടും..അല്ലെങ്കില്‍ തന്നെ എന്തിനാ ജോലി, ജോലിയില്ലെങ്കിലും കുഴപ്പമില്ല, ശമ്പളം കൃത്യമായ് കിട്ടിയാല്‍ മതിയായിരുന്നു.