ലെറ്റര്‍ ടു ദി അറബി---Letter to the Arabi
എടോ കള്ള കാട്ടറബീ,
ഓര്‍മയുണ്ടോ തനിക്കെന്നെ ? നമ്മള്‍ തമ്മില്‍ അവസാനം കാണുമ്പോഴും ഞാന്‍ തന്നെ സര്‍, സര്‍, സര്‍ എന്നാണു വിളിച്ചിരുന്നത്. പക്ഷെ, അപ്പോഴും മനസ്സില്‍ തന്നെ ഞാന്‍ ഇങ്ങനെ തന്നെയാണ് വിളിച്ചത്. ഞാന്‍ മലയാളത്തിലെഴുതുന്ന ഈ കത്ത് വായിക്കുന്നത് എന്നെ പറ്റി സകല നുണയും തന്റെയടുത്ത് പറഞ്ഞുപിടിപ്പിച്ച എന്റെ നാട്ടുകാരനും ചെറ്റയും തന്റെ പേഴ്സണന്‍ സെക്രട്ടറിയുമായ ആ രാജപ്പനായിരിക്കും എന്നെനിക്കറിയാം.
തന്റെ മുന്നില്‍ വച്ച് അവനെ നാലു തെറി വിളിക്കണമെന്ന് വന്ന അന്നു മുതല്‍ ഞാന്‍ വിചാരിക്കുവാണ്. ഇനിയതിനു വേറൊരുഅവസരം ഉണ്ടാനിടയില്ലാത്തതുകൊണ്ട് ഇനിയുള്ള രണ്ട് രണ്ട് ലൈന്‍ മോനേ രാജപ്പാ നിനക്കുള്ളതാണ്. നാട്ടില്‍ പണിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന എനിക്കു വിസയും ടിക്കറ്റും അയച്ചു തന്ന് ഗള്‍ഫിലെത്തിച്ചത് നീയായതുകൊണ്ട് പറയുകയല്ല,, നിന്നെപ്പോലെ ഒരു തെണ്ടിയെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അവിടെ കിടന്ന് അറബിയുടെ അണ്ടര്‍വെയര്‍ അലക്കി അലക്കി നീ ചാകും, ചാകണം. അതാണെന്റെ ആഗ്രഹം. അതു തന്നെയായിരിക്കും നിന്റെ വിധി.
എടോ അറബീ, താനിപ്പോ വിചാരിക്കുന്നുണ്ടാവും ഇവനു ഭ്രാന്തു പിടിച്ചല്ലോ ഈശ്വരാ, ഈ ഭ്രാന്തനെ ഞാനിനി പിരിച്ചുവിടണമല്ലോ, അപ്പോള്‍ അവന്റെ ഈ മാസത്തെ ശമ്പളം കൊടുക്കാതെ പറ്റിക്കാമല്ലോ. അങ്ങനെ ഇവനെ കോണ്‍ട്രാക്ട് ലംഘിച്ചതിന് പിടിച്ച് അകത്തിട്ട് ഉണ്ട തീറ്റിക്കാമല്ലോ, അപ്പോള്‍ നാട്ടിലിവന്റെ കുടുംബം പട്ടിണിയിലാകുമല്ലോ എന്നൊക്കെ. അതിനു വേണ്ടി താന്‍ ഫോണെടുത്തു ഞെക്കുകേം വേണ്ട.. അത്യാവശ്യം വേണ്ട സാധനങ്ങള്‍ ബാഗിലാക്കി ഒരു ടിക്കറ്റും സംഘടിപ്പിച്ച് ഞങ്ങടെ സ്വന്തം എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ വിമാനത്താവളത്തില്‍ നിക്കുവാണ് ഞാന്‍. ഈ കത്ത് തന്റെ കയ്യില്‍ കിട്ടുമ്പോഴേക്കും ഞാന്‍ എന്റെ നാട്ടിലെത്തിയിട്ടുണ്ടാവും.
എടാ തെണ്ടീ, തലേല്‍ ഒരു തുണിയിട്ട് അതിനു മുകളില്‍ ഒരു കയറുമെടുത്തു വച്ചാല്‍ അറബിയാവില്ലെടോ. അതിന് കുലമഹിമ വേണം. അതെങ്ങനെയാ രാജപ്പനെപ്പോലെയുള്ള അലവലാതികളല്ലേ കൂടെയുള്ളത്. അവന്‍ തന്റെ പൊക കണ്ടേ അടങ്ങൂ. എന്നിട്ടാ തുണിയും കയറും എടുത്ത് തലയില്‍ വച്ച് ഷേയ്ക്ക് രാജപ്പന്‍ ബിന്‍ ചാത്തന്‍ എന്നു പേരും മാറ്റി തന്റെ എണ്ണക്കമ്പനി മുടിക്കും.
എണ്ണക്കിണര്‍ എന്നു പറയുന്നത് നിന്റെയൊക്കെ തറവാട്ടു സ്വത്താണെന്ന മട്ടിലായിരുന്നല്ലോ പെരുമാറ്റം. ഇനിയതങ്ങ് പള്ളീല്‍ച്ചെന്നു പറഞ്ഞാല്‍ മതി. ഞാന്‍ ജനിച്ചു, കളിച്ചു, കള്ളടിച്ചു വളര്‍ന്ന കൊച്ചി കടാപ്പൊറത്തുന്നു ഞങ്ങള്‍ എണ്ണ കുഴിച്ചെടുക്കാന്‍ പോകുന്ന വിവരം ചൂടോടെ അങ്ങ് അറിയിച്ചേക്കാം. ക്രൂഡ് ഓയില്‍ എന്നു പറഞ്ഞാല്‍ നിന്റെയൊക്കെ തന്തയുടെ വകയാണെന്നായിരുന്നല്ലോ ഭാവം. ഇനി കൊച്ചിയിലെ ഓടയിലൂടെ പോലും ക്രൂഡ് ഓയില്‍ ഒഴുകും. അവിടെ നിങ്ങള്‍ കുഴിക്കുന്ന ക്രൂഡ് ഓയില്‍ മാതിരിയല്ല, നല്ല നിറവും മണവും ഗുണവുമുള്ള ക്രൂഡ് ഓയില്‍ ആയിരിക്കും ഞങ്ങളുടേത്.
ഇവിടുന്ന് അങ്ങോട്ട് കയറ്റി അയക്കുന്ന കോക്കനട്ട് ഓയിലല്‍, പാമോയില്‍ തുടങ്ങിയവയയ്ക്കൊക്കെയുള്ള ഗുണം ഞങ്ങളുടെ ശുദ്ധമായ ക്രൂഡ് ഓയിലിനും കാണുമെന്നു വച്ചോ. ഇതിനു വില പറയാനും കച്ചോടം നടത്താനും ഒരുത്തനും അവിടുന്നിങ്ങോട്ടു വരേണ്ട എന്നാദ്യം തന്നെ പറഞ്ഞേക്കാം. സ്മാര്‍ട് സിറ്റി സ്മാര്‍ട് സിറ്റി എന്നു പറഞ്ഞ് കുറെയവന്‍മാര്‍ ഇതുവഴി കറങ്ങിയത് ഞാന്‍ മറന്നിട്ടില്ല. കാക്കനാടല്ല മോനേ അറബീ ഫോര്‍ട്ട് കൊച്ചി. കടലീന്നു പിടിക്കുന്ന മീന്‍ എന്തു വിലയ്ക്ക് വില്‍ക്കണം, ഏതു ലോറിയില്‍ കയറ്റണം എന്നൊക്കെ തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് ആളൊണ്ടെങ്കില്‍ കടലീന്നു കുഴിക്കുന്ന എണ്ണ എങ്ങോട്ടു കൊണ്ടുപോണം, ആര്‍ക്കൊക്കെ കൊടുക്കണം എന്നും ഞങ്ങള്‍ തീരുമാനിക്കും. സര്‍ക്കാരുമായി ഏര്‍പ്പാടൊണ്ടാക്കീന്നും പറഞ്ഞ് ഒറ്റയെണ്ണം ഈ വഴിക്കു വന്നേക്കരുത്.
മോനേ രാജപ്പാ, നിന്റെ അറബിക്കിത് വായിച്ചുകൊടുക്കുന്നതിനിടയില്‍ അടിക്കടി നീ ഞെട്ടുന്നത് എനിക്കിവിടിരുന്നു കാണാം. നീ ഞെട്ടണം. ഞെട്ടി ഞെട്ടി നീ മരിക്കണം. അത്രയ്ക്കു ദ്രോഹം നീയെന്നോടു ചെയ്തിട്ടുണ്ട്. യാര്‍ഡിലെ പണി എനിക്കു പറ്റില്ല, വെയില്‍ കൊള്ളാതെ ചെയ്യാവുന്ന വല്ല മാനേജരുടെയോ മറ്റോ പണി സംഘടിപ്പിച്ചു തരാന്‍ പറഞ്ഞപ്പോള്‍ നീയെന്താ പറഞ്ഞത് ? നീ തന്നെ 15 വര്‍ഷം ജോലി ചെയ്തിട്ട് അറബിയുടെ സെക്രട്ടറിയേ ആയിട്ടുള്ളൂ, അല്ലെങ്കിലും ഡിഗ്രി പോലും പാസ്സാവാത്ത എനിക്ക് മാനേജര്‍ പണിയൊന്നും കിട്ടില്ലാന്ന്. ഞാന്‍ ഒന്നും മറന്നിട്ടില്ല രാജപ്പാ, മറന്നിട്ടില്ല. ഇനി നീ കണ്ടോ, യൂണിയന്‍ നമ്മുടെ കയ്യിലാണ്. എണ്ണ കണ്ടെത്തി എന്നറിഞ്ഞപ്പോഴേ ഞങ്ങള്‍ യോഗം ചേര്‍ന്ന് കേരളാ ഓയില്‍ വെല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (കൊവ്വ) രൂപീകരിച്ചു കഴിഞ്ഞു. ഒന്നുകൂടി നീ കേട്ടോ, ഞാനാണ് അതിന്റെ സംസ്ഥാന പ്രസിഡന്റ്. ഇനി അവിടെ ആരൊക്കെ ജോലി ചെയ്യണം എന്നു തീരുമാനിക്കുന്നത് ഞങ്ങളായിരിക്കും.
ദിവസം നാലു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ നീ എന്റെ തന്തയ്ക്കു വിളിച്ചതു ഞാന്‍ മറന്നിട്ടില്ല. എട്ടു മണിക്കൂര്‍ ജോലി ചെയ്യാനാണെങ്കില്‍ പിന്നെ എനിക്കു വല്ല തമിഴ്നാട്ടിലും പോയാല്‍ മതിയായിരുന്നല്ലോ. നീയൊക്കെ പഠിക്കും രാജപ്പാ. നിന്റെ അറബി മുതലാളിയെ ഞങ്ങളൊരു പാഠം പഠിപ്പിക്കും. ഇവിടെയും എണ്ണ കണ്ടെത്തിയ സ്ഥിതിക്ക് ആഗോള എണ്ണക്കിണര്‍ സമൂഹത്തില്‍ കൊച്ചിയ്ക്കും ഒരു സ്ഥാനമുണ്ടാവും. അപ്പോള്‍ എന്റെ യൂണിയന്റെ ഒരു ശാഖ അവിടെയും തുടങ്ങും. എന്നിട്ട് നിന്റെ അറബിയെ കാണാന്‍ ഞാന്‍ വരുന്നുണ്ട്. ചുമ്മാ വിമാനത്തിലല്ല, കാറില്‍,
മോനേ രാജപ്പാ, ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിനക്കു ചൊറിയുമെന്നെനിക്കറിയാം. കേരളത്തിനു ചോറു കൊടുക്കുന്നത് അറബികളാണ്. അറബിയാണ് നമ്മുടെ ദൈവം, ഒട്ടകമാണ് നമ്മുടെ ദേശീയമൃഗം എന്നൊക്കെ പറയും. മലയാളികള്‍ ഒരിക്കലും നന്നാവില്ല, കേരളത്തിലെ രാഷ്ട്രീയക്കാരാണ് ജനങ്ങളുടെ ശാപം എന്നും നീ പറയും. എനിക്കും എന്നെപ്പോലുള്ള ആയിരക്കണക്കിനു തൊഴിലാളി പ്രവര്‍ത്തകര്‍ക്കും അതു പുല്ലാണ്. ഇവിടെ കുഴിക്കുന്ന എണ്ണ ക്രൂഡ് ഓയിലാണോ ക്രൂസിഫൈഡ് ഓയിലാണോ എന്നു ഞങ്ങള്‍ കാണിച്ചു തരാം.
കത്ത് അവസാനിപ്പിക്കുന്നതിനു മുമ്പ് അറബിയോട് രണ്ടു വാക്കു കൂടി. എടോ കള്ള അറബീ, ഇത്രയും കാലം എന്നെ പണിയെടുപ്പിച്ചതിനുള്ള ശിക്ഷ നിനക്കു കിട്ടും. അതിനു പറ്റിയ അവതാരമാണ് ഇപ്പോള്‍ ഈ കത്ത് നിനക്കു വായിച്ചു തന്നുകൊണ്ടിരിക്കുന്നത്. ഞങ്ങടെ എണ്ണ ലോഡുകള്‍ കയറിപ്പോയിത്തുടങ്ങിയാല്‍ കുഴിക്കുന്ന എണ്ണ വാങ്ങാനാളില്ലാതെ നീയൊക്കെ അവിടെക്കിടന്ന മൂക്കുകൊണ്ട് ക്ഷ, ണ്ണ, പ്പ, മ്മ, ച്ച, ഞ്ഞ വരച്ചു കളിക്കുമെടാ മോനേ ദിനേശാ. അപ്പോ ഞാന്‍ നിന്നെ എന്റെ സ്വന്തം കാറില്‍ കാണാന്‍ വരും. ലിറ്ററിനു രണ്ടു കിലോമീറ്റര്‍ മൈലേജുള്ള കാറില്‍ ഇവിടുന്ന് അവിടം വരെ വന്നു ഞാന്‍ നിന്നോടു എണ്ണരാഷ്ട്രീയം ചര്‍ച്ച ചെയ്യും. ഒപെകില്‍ നിന്നു നിന്നെയൊക്കെ അടിച്ചു പുറത്താക്കും. ചൈനയിലും ക്യൂബയിലും ഇതുപോലെ എണ്ണക്കിണറുകള്‍ കാണില്ലെന്നാരു കണ്ടു. എങ്കില്‍ അതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരിക്കും അറബീ, തുടക്കമായിരിക്കും. തല്‍ക്കാലം ചെവിയില്‍ നുള്ളിക്കോളൂ, ബാക്കി നേരില്‍. രാജപ്പാ, നീ ഫുള്‍ ബോഡി നുള്ളിക്കോ.
അവിശ്വസനീയതോടെ,
റേഞ്ചലോസ്,
പ്രസിഡന്റ്,
കേരളാ ഓയില്‍ വെല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍,
കൊച്ചി, കേരളം, ഇന്ത്യ.